Sunday, July 11, 2010

ആദ്യം

"ആദ്യത്തെയാണല്ലേ  ?" - അയാള്‍ ചോദിച്ചു
ഞാന്‍ തിരിഞ്ഞുനോക്കി, ഏകദേശം അമ്പതു വയസു പ്രായം തോന്നും, വളരെ ശാന്തമായ മുഖം.
"അതെ" -


ലേബര്‍ റൂമിലേക്ക്‌ അവളെ കൊണ്ടുപോകുമ്പോള്‍ ആ കണ്‍കളില്‍ ഒരു ഭയം ഞാന്‍ കണ്ടു.  കരതലങ്ങള്‍ വേര്‍പെട്ടപോള്‍ അത് മുറുകെപ്പിടിക്കാന്‍ അവള്‍ ശ്രമിച്ചു.


അവള്‍ എന്‍റെ  എല്ലാമെല്ലാം!
ജീവിതവഴികളില്‍ കൈപിടിച്ച് നടത്തിയവരെയെല്ലാം ഉപേക്ഷിച്ചു എന്നോടൊപ്പം ജീവിക്കാന്‍ ഇറങ്ങി തിരിച്ചവള്‍, നാളിതുവരെ നല്ലതൊന്നും കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല, എന്നാലും പരാതിയില്ല അവള്‍ക്ക്.  ഒരു പ്രൈവറ്റ് ബാങ്കിലെ അവളുടെ താത്കാലിക ജോലി മാത്രമാണ് ഏക വരുമാനം. പ്രസവത്തിനായി അവള്‍ അവധി എടുത്തതോടെ ആ വരുമാനം മുടങ്ങി , ജീവിതം അനുദിനം ദു:സ്സഹമയികൊണ്ടിരുന്നു.


"ഇരിക്ക്  അത് കുറച്ചു സമയമാവും" -
"ഉം" - ഞാന്‍ അയാളെനോക്കി മന്ദഹസിച്ചു
വരാന്തയില്‍ ചെന്നിരുന്നു, ആരൊക്കയോ  എന്നെ താണ്ടി അങ്ങോട്ടുമിങ്ങോട്ടും നടന്നു.


അമ്മയെ ഒന്ന് വിളിച്ചു പറഞ്ഞാലോ ? അല്ലെങ്കില്‍ വേണ്ട - മനസ്  മന്ത്രിച്ചു
"നീ എന്‍റെ  മകനല്ല ! എനിക്ക് നിന്നെ കാണുകയും വേണ്ട " --
അന്നുവരെ ഞാന്‍ ചെയ്ത എല്ലാകാര്യങ്ങള്‍ക്കും കൂട്ടുനിന്ന അമ്മ എന്തിനാവാം  അന്ന് അങ്ങനെ പറഞ്ഞത് ? അഭിസാരകയുടെ മകളായി പിറക്കേണ്ടിവന്നതു അവളുടെ തെറ്റാണോ ? അവളുടെ ജനനത്തില്‍ അവള്‍ക്ക്  യാതോരുപങ്കും ഇല്ലാലോ ? പിന്നെന്തിനു അവളെ വെറുക്കണം?
ഒരു ജീവിതം പ്രതീക്ഷിച്ച് എന്‍റെ  കൂടെ വന്ന അവളും , കയ്യില്‍ അമ്പതു രൂപയും, എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നപ്പോള്,
"നമുക്ക്  ദൈവമുണ്ട്   ", അവള്‍ പറഞ്ഞു
 ആ വാക്കുകളിലെ ധൈര്യം ഒരു പക്ഷേ അതൊന്നു മാത്രമാവാം ജീവിതം മുന്നോട്ടു നയിക്കാന്‍ എന്നേ പ്രേരിപിക്കുന്ന  ഘടകം


"ഇന്നാ ഒരു ചായ കുടിക്കു " - ഫ്ലാസ്കിന്റെ അടപ്പില്‍ കുറച്ചു ചായയൊഴിച്ചു അയാള്‍ എന്‍റെ നേരെ നീട്ടി
ഞാനതുവാങ്ങി ഒരു കവിള്‍ കുടിച്ചു.
"മോന് എന്താ പണി ?"
"പ്രത്യേകിച്ച് ഒന്നും ഇല്ല ! കിട്ടുന്നതെന്തും ചെയ്യും " -
"ജീവിക്കണമല്ലോ അല്ലേ ?" - എന്നോട് തന്നെ പറഞ്ഞു .
"വീട്ടില്‍ വേറെ ആരുമില്ലേ ?"
"എല്ലാവരും ഉണ്ടായിരുന്നു !"
"ഉണ്ടായിരുന്നു എന്നോ ? എന്ത് പറ്റി " ആശ്ചര്യത്തോടെ അയാള്‍ എന്നേ നോക്കി
"ഉം ..."  ദയനീയമായി  അയാളെ നോക്കി ഞാന്‍ മൂളി.
"സാരമില്ല എല്ലാം നേരേയാവും" എന്‍റെ ചുമലില്‍ കൈ വെച്ച് അയാള്‍ പറഞ്ഞു.
ആ മനുഷ്യനോടു എന്തോ ഒരു ബഹുമാനം തോന്നി -
"ഞാന്‍ അവള്‍ക്ക് ഇത്തിരി ചായ കൊടുതിട്ടുവരാം , എന്‍റെ ഭാര്യ" - ദൂരെ ഇരിക്കുന്ന ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ച് അയാള്‍ പറഞ്ഞു.
ഞാന്‍ തലയാട്ടി ;
അയാളെക്കുറിച്ച് എന്തെങ്കിലും ചോദിക്കുവാന്‍പോലും എനിക്ക് തോന്നിയില്ല , എന്ത് ക്രൂരനാണ് ഞാന്‍, അല്ലേ?


വരാന്തയില്‍കൂടി അങ്ങേയറ്റം വരെ കണ്ണോടിച്ചു. ബാക്കി ചായ ഒറ്റവലിക്ക്  കുടിച്ചു,  എണീറ്റ് ലേബര്‍ റൂമിന്‍റെ അടുത്തേക്ക് നടന്നു.


അടഞ്ഞുകിടന്ന വാതിലിലേക്ക് ഒരു പ്രതീക്ഷയോടെ ഞാന്‍ നോക്കി! എന്തായിടുണ്ടാവും ?  നേരം കുറെയായല്ലോ?
ആരോ വാതില്‍ തുറക്കുന്നതായി തോന്നി ,
"ലീനയുടെ ആരെങ്കിലും ഉണ്ടോ ?" പുറത്തു വന്ന ഒരു വെളുത്ത രൂപം ചോദിച്ചു
"എന്താണ് സിസ്റ്റര്‍"
"നിങ്ങള്‍ അവരുടെ ......."
"ഭര്‍ത്താവാണ്."
"കുറച്ചുക്കൂടി  ബ്ലഡ് വേണ്ടിവരും .. !"
"എന്താ, എന്തുപറ്റി ?"
"വേഗം ബ്ലഡ്‌ ഏര്‍പ്പാട് ചെയ്യു, ബ്ലഡ്‌ ബാങ്കില്‍ പോയല്‍മതിയവും ,"
"ഉം .." - ഞാന്‍ ബ്ലഡ്‌ ബാങ്കിലെ ലക്ഷ്യമാക്കി  നടന്നു ‌
"എങ്ങോട്ടാ?  " അയാള്‍ ചോദിച്ചു
"ബ്ലഡ്‌ വേണമെന്ന് പറഞ്ഞു "
 ഫ്ലാസ്ക്കിന്‍റെ   അടപ്പ് അയാള്‍ക്ക്  കൊടുത്തുകൊണ്ട് ഞാന്‍  പറഞ്ഞു 


------
ഞാന്‍ തിരിച്ചു വരുന്നതും കാത്തു ആ വെളുത്ത രൂപം അവിടെതന്നെ ഉണ്ടായിരുന്നു
"എന്താ സിസ്റ്റര്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? " ബ്ലഡ്‌ കൊടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു
അവരതുവാങ്ങി നിസ്സഹായമായി എന്നെ നോക്കി
"പേടിക്കേണ്ട "......
വെളുത്ത രൂപം അകത്തേക്കും വാതില്‍ പുറത്തേക്കും,
ഞാനാകെ പതറി! എന്തായിരിക്കും  സംഭവിക്കുന്നത്‌, ആവശ്യത്തിനു ബ്ലഡ്‌ കൊടുത്തതാണല്ലോ പിന്നെ ഇനിയും എന്തിനാ, സകല ദൈവങ്ങളെയും മനസ്സില്‍ വിളിച്ചുപോയി , എന്‍റെ പ്രിയതമയെ കാത്തുകൊള്ളണേ, ദൈവങ്ങള്‍ക് എന്‍റെ വിളി കേള്‍ക്കാനാകുമോ ?
എന്‍റെ ലീന അവള്‍ ഇല്ലാതെ എനിക്ക് ജീവികനവില്ല , തങ്ങും തണലുമായി നീ ഇന്നും എനിക്കുവേണം


"അങ്ങോട്ട്‌ മാറിനില്‍ക്ക്"
ഞാന്‍ തിരിഞ്ഞു നോക്കി , ആജാനഭാഹുവായ ഒരു മനുഷ്യന്‍ കഴുത്തില്‍ സ്റ്റെതസ്കോപ്പ്, ചെറിയ സ്വരം.
ഞാന്‍ മാറിനിന്നു, ധൃതിയില്‍ വാതില്‍ തുറന്നു അയാള്‍ അകത്തേക്കുപോയി.


എന്തോ മനസ്സില്‍ ഒരു ഭയം രൂപാന്തരപ്പെട്ടു, മുഖം വിളറി, വിയര്‍ക്കുന്നതായി  തോന്നി, ശരീരം തളര്‍ന്നു പോകുന്നതുപോലെ , എന്തായിരിക്കും അകത്തു സംഭവിക്കുന്നത്‌, എന്‍റെ കാലുകള്‍ നിയന്ത്രണം വിട്ടി ചലിച്ചു.


 നാല് ഓക്സിജന്‍ സിലണ്ടറുകള്‍ വെച്ച ഒരു ട്രോളിയും തള്ളികൊണ്ട് ഒരാള്‍ അകത്തേക്കുപ്പോയി, തുറന്ന വാതിലിന്‍റെ ഇടയിക്കൂടി  ഞാന്‍ എത്തിനോക്കി എന്തെങ്കിലും കാണാന്‍ കഴിയുന്നതിനുമുന്‍പ് വാതിലടഞ്ഞു.


ഞാന്‍ ചെയ്ത എല്ലാ പാപങ്ങള്‍ക്കും മാപ്പ് പറയാന്‍ തോന്നി ,


പെട്ടന്ന് വാതില്‍ തുറന്നു ഒരു വെളുത്ത രൂപം പുറത്തേക്ക് ഓടിപ്പോയി -
"സിസ്റ്റര്‍" - ഞാന്‍ വിളിച്ചു , പക്ഷേ ശബ്ദം പുറത്തു വന്നില്ല.
ഞാനാകെ  തളര്‍ന്നു പോയി, വീണ്ടും ആരോ വാതില്‍ തുറന്നു
"ലീനയ്ക്ക്   പെണ്‍കുട്ടി, സമയം 12 .25" - പുറത്തു വന്ന ആ വെളുത്ത രൂപം  പറഞ്ഞു.
എന്‍റെ കണ്ണുകള്‍ വിടര്‍ന്നു, എന്‍റെ ജീവന്‍റെ ഒരു അംശം ഭൂമിയില്‍ എത്തിയിരിക്കുന്നു, ആദ്യ വായു ശ്വസ്സിച്ചിരിക്കുന്നു, ഒരു പക്ഷേ കരയുന്നുണ്ടായിരിക്കാം, കാണാന്‍ എന്നെപ്പോലയോ അതോ അവളെപ്പോലയോ, കുറച്ചു കൂടി വലുതാകാതെ  ഒന്നും പറയാന്‍ പറ്റില്ലാലോ അല്ലേ?


 ഞെട്ടിയുണര്‍ന്നപോലെ ഞാന്‍ ചോദിച്ചു
"ലീന..?"
"ഡോക്ടര്‍ വരും ഇപ്പോള്‍ ഒന്നും പറയ...." അത് മുഴുമിപ്പിക്കുന്നതിനു മുന്‍പേ അവര്‍ അകത്തേക്ക് പോയി
"ദൈവമേ നീ എന്നെ ചതിക്കുകയാണോ? ഏയ്  അദ്ദേഹം അങ്ങനെ ചെയ്യില്ല,"  എല്ലാം മുകളില്‍ എഴുതി വെച്ചിട്ടാണ് ഇങ്ങോട്ട്  പറഞ്ഞുവിടുന്നത്‌ എന്ന് അമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ത്തു, "
അവളുടെ ആയുസിന്‍റെ പുസ്തകത്തിലെ അവസാന താളുകളാണോ ഇന്ന്? ഇല്ല എനിക്കത് താങ്ങാന്‍ കഴിയില്ല , ഞാന്‍ അനുവദിക്കില്ല! ഞങ്ങളുടെ സ്വപ്നങ്ങള്‍ക് ചിറകു മുളയ്ക്കുന്നതിനു  മുന്‍പേ അത് കൊഴിയാന്‍ ഞാന്‍ സമ്മതിക്കില്ല !"


വീണ്ടും ആരോ വാതില്‍ തുറന്നു. നേരത്തെ പുറത്തേക്ക് ഓടിയ വെളുത്ത രൂപം തിരിച്ചു വരുന്നതും കണ്ടു. അതിനു പുറകിലായി അതാ അയാള്‍, വെളുത്ത രൂപം എന്‍റെ അടുത്ത് എത്തി, തുറന്നിട്ട ലേബര്‍  റൂമിന്‍റെ വാതിലില്‍ക്കുടി ഞാന്‍ അകത്തേക്ക് നോക്കി കയ്യില്‍ ഒരു കുഞ്ഞുമായി ആ വെളുത്ത രൂപം. എന്‍റെ കണ്ണുകള്‍ വേറെ എന്തിനോ വേണ്ടി പരതി, മറ്റൊന്നിനുമല്ല എന്‍റെ പ്രിയതമയെ , എന്‍റെ ജീവന്‍റെ ജീവന്‍, അവളെവിടെ?  അപ്പോളേക്കും അവര്‍ കുഞ്ഞിനെ എന്‍റെ നേരെ നീട്ടി
"പെണ്‍കുട്ടിയാണ് വെയിറ്റ് മൂന്നു ഇരുന്നൂറ്" ഞാന്‍ രണ്ടു കരങ്ങളും നീട്ടി  വാങ്ങി. അപ്പോളും കണ്ണുകള്‍ ലേബര്‍ റൂമിന്‍റെ അകത്തേക്ക് തന്നെയായിരുന്നു, കുഞ്ഞിന്‍റെ മുഖം പോലും ഞാന്‍ നോക്കിയില്ല!


"സുന്ദരിയാണല്ലോ ?" - എന്‍റെ പുറകില്‍ നിന്നുകൊണ്ട് അയാള്‍ ചോദിച്ചു.
തിരിഞ്ഞു നോക്കിയ എനിക്ക് എന്തോ ഒരു ആശ്വാസം തോന്നി
"ലീന " - ഞാന്‍ വിതുമ്പി
ആശ്ചര്യത്തോടെ അയാള്‍ എന്നെ നോക്കി എന്താണ് സംഭവിക്കുന്നതെന്ന്  അയാള്‍ക്ക്  മനസ്സിലായില്ല.
"പേടിക്കാതെ ഒന്നും സംഭവിക്കില്ല  " - ഒരു ജേഷ്ഠ സഹോദരന്‍റെ വാത്സല്യത്തോടെ അയാള്‍ എന്‍റെ അടുത്ത് നിന്നു
എന്‍റെ കണ്ണുകള്‍ നിറഞ്ഞു , അകത്തുനിന്നും ഒരു സ്ട്രക്ചര്‍ തള്ളിക്കൊണ്ടുവരുന്നു,  പദങ്ങളെ വെളുത്ത തുണിയിട്ട് മൂടിയിരിക്കുന്നു, നെഞ്ചില്‍ കഠാര കുത്തിയിറക്കിയതുപോലെ  എനിക്ക് തോന്നി.
എന്‍റെ കുഞ്ഞിനെ അയാളുടെ കൈകളിലേക്ക്  ഞാന്‍ നീട്ടി,  ധൈര്യം സംഭരിച്ചു സ്ട്രക്ചറിലേക്ക് നോക്കി അത് എന്‍റെ അടുത്ത് എത്തിയിരുന്നു,
മുഖം മൂടിയിരുന്നില്ല! പക്ഷേ,  അവള്‍ അനങ്ങുന്നുമില്ല
ശ്വസിക്കുന്നുണ്ടാകുമോ?
ചുറ്റുമുള്ളതെല്ലാം മറഞ്ഞു പോയി,


ഡോക്ടര്‍, നേഴ്സ്, അയാള്‍... എന്തൊക്കയോ എന്നോട് പറയുന്നു , വെറും ശബ്ദങ്ങള്‍ മാത്രം


വിറയാര്‍ന്ന കൈകളാല്‍ അവളുടെ കവിളില്‍ ഞാന്‍ തൊട്ടു, ഒരു ഇളം ചൂട്


ഇല്ല! അവള്‍ എന്നെവിട്ടു  പോയിട്ടില്ല...


ദീര്‍ഘമായി ഒന്ന് നിശ്വസ്സിച്ചു.  കണ്ണുകള്‍ പെയ്തിറങ്ങി.


ആദ്യം......