Saturday, March 5, 2011

മുഖങ്ങള്‍


ഈ നടപ്പാതയില്‍ക്കൂടി ഒരുപാട് തവണ ഞാന്‍ നടന്നിട്ടുണ്ട്. പലപല  മുഖങ്ങള്‍ അതില്‍ പലതരം വികാരങ്ങള്‍, ആ മുഖങ്ങളെ ശ്രദ്ധിച്ചും ശ്രദ്ധിക്കാതെയും ഞാന്‍ കടന്നു പോകാറുണ്ട്, ഈ യാത്രയുടെ ദൂരം ഇന്നുവരെ അളന്നിട്ടില്ല അല്ലെങ്കില്‍ അതിന്‍റെ ആവശ്യം ഇന്നുവരെ ഉണ്ടായില്ല. 

പക്ഷേ, ഇന്നു കാണുന്ന മുഖങ്ങള്‍ക്കു ഒരുപാട് പ്രത്യേകതകള്‍ തോന്നി, കാരണം, ഞാന്‍ തിരയുകയാണ്! 

പലതരം മുഖങ്ങള്‍, ചിലത് വട്ടം, മറ്റു ചിലത് ചതുരം അങ്ങനെ നിരവധി. പക്ഷേ ആ മുഖം മാത്രം എനിക്ക് കണ്ടെത്താനായില്ല.

പ്രത്യേകതകള്‍ അല്ലേ? അതെ, അതുണ്ട്, പക്ഷേ എല്ലാറ്റിലും വികാരം ഒന്ന് മാത്രം, സന്തോഷം, 
"അതെന്താ?"  - ചോദിക്കണമെന്ന് എനിക്ക് തോന്നി, ചോദിച്ചില്ല !!

ഒരിറ്റു കണ്ണുനീര്‍ അതിനിടയില്‍ കണ്ടെങ്കില്‍ ഞാന്‍ സന്തോഷിക്കുമാരുന്നു! അത് ആനന്ദാശ്രുക്കള്‍ ആയിരുന്നുവെങ്കില്‍. എവിടെ കണ്ണുനീര്‍ ഞാന്‍ കണ്ടില്ല കാലം മായിച്ചു കളഞ്ഞതാവാം, ദയ, അനുകമ്പ, മാനുഷിക മൂല്യങ്ങള്‍ ഒന്നുംതന്നെ ഇല്ലാത്ത ഈ ലോകത്ത് കണ്ണുനീര്‍ മാത്രം വേണമെന്ന് ശാട്യം പിടിക്കരുത്, അത് ശരിയല്ലലോ! 

എങ്കിലും ആ മുഖം എനിക്ക് കണ്ടെത്തണം, പളുങ്ക്  ഗോളങ്ങള്‍ക്കിടയില്‍ കൂടി ഒഴികി വരുന്ന നീരുറവകള്‍ ആ മുഖത്ത് ഉണ്ടാവും, പക്ഷെ  ഊറ്റു കുറവായിരിക്കാം, കാരണം അത് വറ്റി തുടങ്ങിയിട്ടുണ്ടാവണം, കാലങ്ങളോളം ഊറ്റിയതല്ലേ ?

ആ മുഖം .... അതെ ..... അതുതന്നല്ലേ ഞാന്‍ തേടിയ മുഖം? അതെ! അതെ!

ആ മുഖത്തു  നീര്‍ച്ചാലുകള്‍ പാടുകളായി  അവശേഷിക്കുന്നു , കവിളുകള്‍ ഒട്ടി, പളുങ്ക്  ഗോളങ്ങള്‍ അകത്തേക്ക് പോയിരിക്കുന്നു, അടുതെത്തുവാന്‍ ഞാന്‍ വെബ്ബി,  മുഖങ്ങള്‍ ഓരോന്നായി ഞാന്‍ തട്ടിമാറ്റി, അടുത്ത് എത്തുംതോറും അകലുന്നതായി  തോന്നി, എന്നാല്‍ കഴിയുന്ന വേഗതയും ഞാന്‍ ഓടി, അതാ അവിടെ കൈയെത്തും ദൂരത്തു ഉണ്ട് പക്ഷേ കരസ്ഥമാക്കാന്‍ ഇനിയും ഓടണം! അതെന്താ? 

വേനല്‍ചൂട് എന്നെ തളര്‍ത്തുന്നുവോ ? ഒരിറ്റു നീരിനായി എന്‍റെ കണ്ഠം കേഴുന്നുവോ? പാടില്ല, ശരീരത്തിന്‍റെ ബാലിശ്ശമായ തോന്നലുകള്‍ക്ക് അടിമപ്പെടാന്‍ പാടില്ല! എന്‍റെ ലക്‌ഷ്യം ആ മുഖമാണ്, അതിലേക്കു എത്തുക. കഴിയുന്നതും വേഗതയില്‍ ഞാന്‍ ഓടി, കാലുകള്‍ ആരോ പുറകോട്ടു വലിക്കുന്നതായി തോന്നി, ഓട്ടം പിന്നീടു  നടത്തമായി! അതിന്‍റെ താളം കുറഞ്ഞു വേച്ചു വേച്ചു ഇഴയേണ്ടി  വരുമോ? എങ്കിലും ആ മുഖം എനിക്ക് വേണം.
എന്‍റെ കാഴ്ച്ചകള്‍ മങ്ങുന്നു, 
"പാടില്ല, മങ്ങുവാന്‍ പാടില്ല! എത്രയും അടുത്ത് എത്തിയില്ലേ ? "

ആ മുഖം അവിടെത്തന്നെ നില്‍കുന്നു! എന്നെ കണ്ടിട്ടാവാം, ആയിരിക്കട്ടെ!
എത്തി, അടുത്ത് എത്തി, കൈകള്‍ നീട്ടി ഞാന്‍ തൊട്ടു, അതെ ഈ മുഖം തന്നെയാണ്, എന്‍റെ വരണ്ട തൊണ്ടയില്‍ നിന്നും വാക്കുകള്‍ പുറത്തു വന്നു 
" അമ്മേ ഈ മോനോട്  പൊറുക്കണം, 
വാ നമുക്ക് വീട്ടില്‍ പോകാം !  "